Tuesday, May 24, 2011

ഒരില

എന്റെ കോട്ടയുടെ
ചുമർഭിത്തികളടർത്തി നീയെനിക്കേകിയ
അപമാനത്തിന്റെ ഒരില പഴുത്തുകരിഞ്ഞുണങ്ങി
അതു ഞാനൊരു വിഭൂതിപ്പാത്രത്തിൽ
ഭദ്രമായി സൂക്ഷിച്ചു...
ഒരുമഴക്കാലസന്ധ്യയിൽ
കൃതമാലാതീരത്തുനിന്നുവന്ന
ഒരു ദിവ്യൻ കമണ്ഡലുവിലെ
തീർഥം തൂവിയായിലയെ
വീണ്ടും പുനർജനിപ്പിച്ചു
ആ ഇല ഒരരയാൽ മരമായിവളർന്നു
അതിന്റെ ഒരോ ചില്ലയിലും
പുതിയ ഇലകളുണ്ടായി

അതിൽ നിറയെയും പുനർജനിമന്ത്രങ്ങളും
ഹൃദയത്തിന്റെ അന്തരഗാന്ധാരങ്ങളുമായിരുന്നു..

ത്യാഗവും ദാനവും

ത്യാഗവും ദാനവും
അർഹതപ്പെട്ടവരുടെ
ഹൃദയത്തിലേയ്ക്കൊഴുക്കേണ്ട
തീർഥം...

അതറിയുമോ നിനക്ക്
അതിനാൽ ത്യാഗം ചെയ്യൂ
എന്നൊക്കെയിവിടെ വന്നു
നീ പറയുമ്പോൾ
എന്റെ വിരലിലെ പവിത്രക്കെട്ടുകൾ
വിറകൊള്ളുന്നു
അർഹതപ്പെടാത്ത ദാനവും
ത്യാഗവും ആവശ്യപ്പെട്ട്
ശിരസ്സ് താഴ്ത്തി നിൽക്കേണ്ടവനോ  നീ

ഞാനെഴുതിക്കൊണ്ടേയിരിക്കും
അതെന്റെ നിർവചനം
നിന്റെ നിർവചനങ്ങളിലെ
ത്യാഗം സ്വാർഥം
എന്റെയുള്ളിലെ കവിത
നിസ്വാർഥം
ഇടയിലെ സമാന്തരരേഖകളിൽ
ദാനമായിടാൻ എന്റെ കൈയിൽ
മഷിയുണങ്ങിയ കടലാസുപൂക്കളില്ല

ആഭരണപ്പെട്ടികളും
പൊൻനാണയങ്ങളുമില്ല
മനുഷ്യനെ കുഴക്കുന്ന മന്ത്രങ്ങളുമില്ല...

Monday, May 23, 2011

സ്നേഹത്തിന്റെ നിർവചനങ്ങൾ

സ്നേഹത്തിന്റെ നിർവചനങ്ങൾ പലതായിരിക്കും;
സ്വപ്നങ്ങളുടെയും.
ഭൂമിയുടെ സ്വപ്നങ്ങളിലേയ്ക്കൊളിനോക്കാനേ
നിങ്ങൾക്കായുള്ളൂ
സ്വപ്നങ്ങൾ സൂക്ഷിച്ച അന്തരാത്മാവിനെ
നിങ്ങൾക്ക് കാണാനായില്ലല്ലോ
ശമീശിഖരത്തിൽ മാഞ്ഞ അഗ്നിപോലെ
സൂക്ഷമരൂപത്തിലതുമറഞ്ഞതുമതുതേടി
നിങ്ങളൊരുപാടുനാൾ നടന്നുതളർന്നുവെന്നുമറിയാം
നിങ്ങളെഴുതിയ സ്നേഹമെല്ലാം 
നിങ്ങളുടെ തന്നെ കാപട്യത്തിന്റെ
മറുനിഴലായിരുന്നുവോ
പ്രശസ്തിയുടെ നിലാപ്പൂവുകളിൽ
നിങ്ങൾ മറന്നു പലതും
യഥാർഥസ്നേഹമൊരിക്കലും
നിങ്ങൾ ചെയ്തപോലെയൊരു
പ്രതികാരത്തിനൊരുങ്ങിയെന്നും വരില്ല
നിർവചനങ്ങളുടെ ദ്വീപുകളിൽ

മഷിപുരണ്ട കടലാസുകളിലൂടെ
പണ്ടുകടം കൊണ്ടവർ
നിങ്ങൾക്കൊരു പണക്കിഴിയേകിയേക്കാം
അതും കൈയിലേറ്റി
ഒരിക്കൽ രഥങ്ങളിലേറി
കൂട്ടംകൂടിയില്ലായ്മചെയ്യാനാഗ്രഹിച്ച
ഒരു ഹൃദയത്തിനരികിലെത്തി
സ്നേഹപ്രവചനങ്ങളെഴുതുന്നതിലെയപാകതയുടെയാഴം
ഒരു പുഴയുടെനീർക്കയങ്ങളെയോർമ്മിപ്പിക്കുന്നു
എന്തുകൊണ്ടെന്നറിയില്ല
സ്നേഹനിർവചനങ്ങളോടുള്ള പ്രതിപത്തി
കുറയുന്നുവല്ലോ
എല്ലാം തകർന്നടിഞ്ഞപ്പോഴും
പ്രതികാരത്തിനൊരുങ്ങിയ നിങ്ങളുടെ
സ്നേഹവാക്യങ്ങൾക്കുള്ള മറുകുറിപ്പുകളും
അതേരീതിയിൽ തന്നെ തിരികെയയക്കേണ്ടി
വന്നതിൽ ഖേദമുണ്ടോയെന്ന് ചോദിച്ചാൽ
ചിലനേരങ്ങളില്ലയെന്നും ചിലനേരങ്ങളിലുണ്ടെന്നും
പറയാനേ ഇന്നു തോന്നുന്നുള്ളൂ...

സ്നേഹത്തിന്റെ നിർവചനങ്ങൾ പലതായിരിക്കും
സ്വപ്നങ്ങളുടെയും... 

Sunday, May 22, 2011

അമൃതകണങ്ങൾ
അന്നൊക്കെയും അമൃതായിരുന്നു വിരലിൽ
കാണെക്കാണെ നോക്കെത്താദൂരം വരെ
ചക്രവാളം കണ്ടിരിക്കുമ്പോൾ
മിഴികളിൽ നക്ഷത്രങ്ങൾ മിന്നിയിരുന്നു
കാലഹരണപ്പെട്ട ഗതിവിഗതികളുടെ
അനിശ്ചിതത്വത്തിനരികിൽ
ഇന്ന് ഞാനൊഴുകുമ്പോൾ പോലും
അമൃതൊരിക്കൽതൂവിയതിനാലാവാം
മിഴിയിലെ നക്ഷത്രവിളക്കുകളണഞ്ഞു
പോവാതെ കാവലായിരിക്കുന്നത്
വൈകാശിയുടെ ശിരസ്സിലെ
മഴതുള്ളിയേറ്റിയ ആകാശമെത്രയോ ശാന്തം
എങ്കിലുമിടയ്ക്കിടെയെവിടെയോ
തുള്ളിതുളുമ്പുന്നു ആൾക്കൂട്ടത്തിന്റെയാരവം
അതിനിടയിൽ ഛത്രചാമരങ്ങളില്ലാതെ
നടക്കാനെത്രയോ സുഖം.

സമുദ്രവും ചക്രവാളവുമന്നുമിന്നുമൊരേപോലെ..